Thursday, February 20, 2014

സ്നേഹിതന്റെ വേര്‍പാട്........

***  സ്നേഹിതന്റെ വേര്‍പാട് ഞങ്ങള്‍ സുഹൃത്തുക്കളില്‍ വരുത്തിയ നൊമ്പരങ്ങള്‍........
***********************************************

ഹൃദയം നെടുകെ മൂര്ച്ചയേറിയ വാക്കിനാല്‍ വരയപ്പെടുമ്പോള്‍ രക്തം അണപൊട്ടി പുറത്തേയ്ക്ക് ഒഴുകണമെന്നില്ല......! ഹൃദയരക്തം ആദ്യം കിനിയും,പിന്നീട് ചെറരുവികളായ് നാലുപാടേയ്ക്കും പടരും....പടര്ന്നു ,പടര്ന്നു  എല്ലാ നാഡീഞരമ്പുകളിലും വ്യാപിക്കും. പിന്നീട് പുറത്തേയ്ക്കൊഴുകാന്‍ സ്ഥലമില്ലാതെ......അല്ലെങ്കില്‍ പുറത്തേയ്ക്ക് ഒഴുക്കാന്‍ ആശിക്കാതെ ആ ശരീരം എല്ലാം തന്നില്‍ തന്നെ അടക്കിനിര്ത്തും . പിന്നീട് അതൊരു ആവേശമായി മസ്തിഷ്കത്തിലേക്ക്‌ പടര്ന്നു കയറും, പടര്ന്നു കയറിയ ഹൃദയരക്തം തന്റെല ശരീരത്തില്തതന്നെ  മരവിപ്പിച്ച് നിര്ത്തുമ്പോള്‍ ചില നിമിഷങ്ങളില്‍ ഉഷ്ണചൂടില്‍ ആ മരവിപ്പ് മാറി വിദ്യുത്പ്രവാഹം പോലെ എല്ലായിടത്തേയ്ക്കും വ്യാപിക്കും. ആ ചൂടില്‍ അത് ഒരു നേരിപ്പോടായ് നീറിനീറി ഒരിക്കല്‍ അഗ്നിപര്വ്വതമായ് പൊട്ടിത്തെറിക്കും. അപ്പോള്‍ സ്വയം നശിക്കാനോ....മറ്റുള്ളവയെ നശിപ്പിക്കാനുള്ള ഊര്ജ്ജവുമായി പിന്നെ ഒരു പാച്ചിലാണ്. തനിക്കെതിരെ വരുന്ന എന്തിനെയും,ഏതിനെയും നിഷ്പ്രയാസം പിന്തള്ളി ആ ആവേശം ആ ശരീരത്തിനെ മുന്നോട്ടുകുതിപ്പിക്കും. അവസാനം ഒരു പിടി ചാമ്പലായ.......തന്റെ ഓര്മ്മകളെ മറ്റുളവര്ക്ക്  വിലപേശാനുള്ള ദാനമായി അവശേഷിപ്പിച്ച് ഒരു മടക്ക യാത്രയാണ്.

     റയില്പാളത്തിലൂടെ അവന്‍ നടന്നുനീങ്ങുമ്പോള്‍ .....തനിക്കെതിരെ ശബ്ദമില്ലാതെ കുതിച്ചുവരുന്ന തീവണ്ടിയുടെ നേര്ക്ക് ‌ ഒരു ചെറു മന്ദസ്മിതം നല്കി അവന്‍ മുന്പോട്ടു നടന്നു,ആ മുഖത്തുവിരിഞ്ഞിരുന്ന ചെറുപുഞ്ചിരിക്ക് എന്തെങ്കിലും അര്ത്ഥതങ്ങളുണ്ടായിരുന്നോ....? ജീവിതത്തെയും,വിധിയെയും ഞാന്‍ തോല്പ്പിച്ചു മടങ്ങുകയാണെന്നാണോ.....അതിന്റെ അര്ത്ഥം.....? അതോ ഒടുവില്‍ നിന്നെ നിന്‍റെ മണ്ണ് നിന്നെ തിരിച്ചു വിളിച്ചതോ......?

      എന്തായിരുന്നു അതിന്റെ കാരണം എന്നോ.....? അതിന്റെ പൊരുള് തേടിയോ.....ആരും പോകാറില്ല. നിന്റെ ശരീരത്തിന്‍റെ  യും, നീ ഏന്തിയ കൊടിയുടെയും  നിറങ്ങള്‍  നോക്കിയും ഒരു റീത്ത് വയ്ക്കല്‍ , പിന്നെ നാലാള്കൂടി ഒരു അനുസ്മരണം ,വഴിവാണിഭ ചന്തയിലെ വരവ്ചെലവു കൂട്ടുന്നവര്ക്ക് ഇടയ്ക്ക് സമയം കൊല്ലാന്‍ ഒരു വിനോദം, , അവിടെ ഒതുങ്ങും നീ നല്കിയ സ്നേഹപ്രമാണങ്ങളും, നിന്റെ മരണവും, എല്ലാം....എല്ലാം....! അവര്‍ വാര്‍ത്തകള്‍ ആയി ആഘോഷിക്കട്ടെ .....!

       നീ എന്ന മനുഷ്യനെ ആരും സ്നേഹിച്ചിട്ടുണ്ടാകില്ല......! നിന്റെ പ്രശ്നങ്ങള്‍ ആരും കണ്ടിട്ടുണ്ടാകില്ല........! ഞാനുള്പ്പെടുന്ന ഈ സമൂഹം അങ്ങനെയാണ്.....സുഹൃത്തേ.....! ഓട്ടത്തിലാണ് എല്ലാവരും വെട്ടിപ്പിടിക്കണം......എല്ലാം ഉള്ളം കയ്യിലൊതുക്കണം എന്നാ ചിന്തമാത്രം, പെറ്റിട്ട തിരുവയറിനെ പോലും തിരിഞ്ഞു നോക്കാന്‍ ആര്ക്കും  സമയമില്ല. അന്ധവിശ്വാസങ്ങളുടെ ഹോമപുകയേറ്റ് എല്ലാവരും ക്ഷീണിതരാണ്. ആര്ത്തി ഒരു പെരുമ്പാമ്പ്‌ കണക്കെ എല്ലാവരെയും വിഴുങ്ങുന്നു, അതിനു മുന്നില്‍ , മാതാവില്ല, പിതാവില്ല, സോദരനില്ല, സോദരിയില്ല, പ്രണയിനിയും ആരുമേയില്ല..........പച്ചനോട്ടുകള്‍ മാത്രം....!

       നിന്റെ നിഷ്കളങ്കതയെ ഞാന്‍ എന്ത് പേരിട്ടു വിളിക്കും സ്നേഹിതാ......? വല്ലപ്പോഴുമേ നിന്നെ കാണാറുള്ളു എങ്കിലും നിന്റെ ചിരിയും, നിന്‍റെ നടപ്പും  എല്ലാം ഉള്ളില്‍ പണ്ടേ.... പതിഞ്ഞതല്ലേ.....? എല്ലാവരെയും ഉറക്കത്തിലേക്ക് വിട്ടു, നീ ദു:സ്വപ്നത്താല്‍ ഇറങ്ങി എന്തേ മരണത്തിലേക്ക് നടന്നുപോയി......? എല്ലാം നീ മുന്പേ തീരുമാനിച്ചിരുന്നു അല്ലേ......?

    നാക്കിലയില്‍ പുതച്ചുകൊണ്ട് നിന്‍ ആത്മാവ് വിട്ടകന്ന ശരീരം തെക്കേതൊടിയിലേക്ക്‌ എടുക്കുന്ന നേരം, നിന്റെ സ്നേഹിതരുടെയും, ബന്ധുക്കളുടെയും കണ്ണുകളില്‍ ഉരുണ്ടുകൂടുന്ന നീര്മണികളാല്‍ ആ കാഴ്ചകളെ മനപ്പൂര്വ്വം  മറയ്ക്കുകയാണെന്ന്  നിനക്ക് തോന്നിയില്ലേ.....?
  
        തെക്കേതൊടിയില്‍ ഉമിപോലെ നീറുന്ന തീച്ചൂളയില്‍, നീ നിന്റെ സ്വപ്നങ്ങളെയും, ആശകളേയും നിറവേറ്റാന്‍ ഒരു അവസരം കൂടി നല്കാതെ എരിഞ്ഞടങ്ങി.....! തങ്ങളില്‍ തങ്ങളില്‍ പരസ്പരം കൊല്ലിച്ച് തന്സ്ഥാനം ഉറപ്പിക്കുന്ന ദൈവങ്ങള്ക്ക്  കാണാന്‍ കഴിഞ്ഞില്ലല്ലോ....നിന്റെ ദു:ഖം.നിന്റെ പാദപദനങ്ങള്‍ കേള്ക്കാന്‍ കാതോര്ത്തിരിക്കുന്ന ആ അമ്മയോട് നിന്റെ ആത്മാവ് എന്തുചൊല്ലും.....?

നിന്റെ ആത്മാവിനായ്‌ പിടിയരി നനച്ചുവെച്ചതില്‍ നിന്ന് ഒരു ഉരുളയും....നീരും ഉഴിഞ്ഞു തീര്ക്കവേ  നനയുന്നു എന്‍ കണ്പോളകള്‍ നനയുമ്പോള്‍ പ്രിയ സ്നേഹിതാ ഞാന്‍ സ്വയം ചോദിച്ചു പോകുന്നു നിന്‍ ദു:ഖങ്ങളെന്തേ....പ്രിയ സ്നേഹിതരോടുപോലും ചൊല്ലാതെ നീ മടങ്ങി......?

അരികത്തുവന്നു നിന്‍ ആത്മാവ് ,ഒരു കുളിര്തെന്നലായെന്‍ നെറുകയില്‍ തഴുകി പോകുമ്പോള്‍, നൊമ്പരം പൂട്ടിയടച്ചോരെന്‍ നെഞ്ച്......എന്നോടു തന്നേയുള്ള അവജ്ഞയില്‍
നിറഞ്ഞുവിങ്ങുന്നു.

********************************


അജയ്മാധവ്-ശൂരനാട്
ഫുജൈറ,യു.എ.ഇ.
19/02/2014





No comments:

Post a Comment