Thursday, February 20, 2014

എന്‍റെ ഗ്രാമം......എന്റെ ഓര്‍മ്മകള്‍.....!




എന്‍റെ ഗ്രാമം......എന്റെ ഓര്‍മ്മകള്‍.....!

        വേരറ്റുപോകുന്ന ഓര്‍മ്മകള്‍ ചില രാത്രികളിലെങ്കിലും എന്നിലുയിര്‍കൊണ്ട് കുട്ടിക്കാലത്തിന്റെ സന്തോഷനിമിഷങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുമ്പോള്‍ പണ്ടാരിഅപ്പൂപ്പന്‍ കാവും,അതിലെ ചുണ്ണാമ്പുവള്ളികളും ഒക്കെ ഇപ്പോഴും മനസ്സില്‍ മായാതെനില്‍ക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും.

       ഇടിഞ്ഞുവീണ കുരിയാലയും,വളര്‍ന്നുപന്തലിച്ചുകിടക്കുന്ന ആഞ്ഞിലിമരവും,അതിനെ ചുറ്റിപിണഞ്ഞ് ഒരു പെരുമ്പാമ്പ് കണക്കെ മുകളിലേക്ക് പടര്‍ന്നുകയറിയ ചുണ്ണാമ്പു വള്ളികളും ആദ്യമൊക്കെ അമ്പരപ്പിക്കുകയും,ഭയപ്പെടുത്തുകയും ചെയ്തിരുന്ന കാഴ്ചകള്‍ ആയിരുന്നു.

       പള്ളിക്കൂടം വിട്ടു വീട്ടിലേക്കുള്ള വഴിയില്‍ നിന്നും ഉള്ളിലേക്ക് മാറി വിജനതയില്‍ കാടുമൂടി കിടന്നിരുന്ന ഒരു കാവായിരുന്നു അന്ന് പണ്ടാരിഅപ്പൂപ്പന്‍ കാവ്‌.പണ്ടെങ്ങാണ്ടോ ഉത്സവം ഒക്കെ നടന്നിരുന്ന അവിടെ അന്നൊക്കെ ആരും തിരിഞ്ഞുനോക്കാനില്ലാതെ കാടുംപടലും കയറി കിടന്നിരുന്ന ഒന്നുരണ്ടു ചെറു കുരിയാലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തൊട്ടടുത്തായി താമസിക്കുന്ന വീട്ടുകാര്‍ സന്ധ്യാദീപം തെളിയ്ക്കുമായിരുന്നു അവിടെ.

     ട്യൂഷനില്‍ കണക്കു പഠിപ്പിച്ചിരുന്ന വത്സലന്‍ സാറിനെ പേടിച്ച് അദ്ദേഹത്തിന്‍റെ ക്ലാസ്സുകളില്‍ കയറാതെ ആണ് ഞങ്ങള്‍ ആദ്യമായി അവിടെ ചേക്കേറിയത്.ആള്‍പ്പാര്‍പ്പില്ലാത്ത പരിസരവും,ആരും തേടി ആ വഴിയെത്തുകയില്ല എന്ന ധൈര്യവും ആയിരുന്നു ഞങ്ങള്‍ക്ക് പിന്തുണ. പച്ചപുതച്ചുകിടന്നിരുന്ന അവിടുത്തെ മൈതാനത്തു തട്ടുകളുണ്ടാക്കി കിളിത്തട്ടും,കബഡി കളിയുടെയും വിളനിലമാക്കി.തട്ടുകളില്‍ നിന്നും തട്ടുകളിലേക്ക് കിളികള്‍ പറന്നുനടന്നിരുന്ന കാലം,മുട്ടുപൊട്ടി ചോരയും ഒലിപ്പിച്ച് നടന്നിരുന്ന ആ കുട്ടിക്കാലം എന്‍റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടായിരുന്നു.

     വത്സലന്‍സാറിന്റെ ക്ലാസ്സുകളില്‍ കയറാതെ മൂലപ്പാട്ടെ കലങ്കിനു താഴെ മുന്‍പ് കരുതിവയ്ക്കുന്ന ചൂണ്ടയില്‍ മണ്ണിരയെ കോര്‍ത്തു താഴെ കൊത്തുണ്ടോ എന്നറിയാന്‍ ചൂഴ്ന്ന് സമയം പോയതറിയാതെ വെള്ളത്തിലേക്ക് നോക്കിയിരുന്നപ്പോള്‍ പിന്നിലൂടെവന്നു വത്സലന്‍സാര്‍ പിടിച്ചു വീടുവരെ ചെവിയില്‍ തിരുമ്മി കൊണ്ടുപോയതും,അന്നുമുതല്‍ അദ്ദേഹത്തിന്‍റെ ക്ലാസ്സുകളില്‍ മുടങ്ങാതെ പോയതും....അങ്ങനെ പെട്ടെന്ന് മറന്നുപോകുന്ന ഓര്‍മ്മകള്‍ ആണോ.....? 
  
   തോരാതെ പെയ്യുന്ന വര്‍ഷകാലത്ത് പൊട്ടിയൊഴുകുന്ന പാടവരമ്പുകളിലൂടെയും,നീര്ചാലുകളിലൂടെയും തെന്നിത്തെറിച്ചു നടന്നു നീങ്ങുമ്പോള്‍ പൂക്കുലപോലെ തട്ടിതെറിപ്പിക്കുന്ന നീര്‍കണികകളുടെ ഭംഗി എങ്ങനെ വര്‍ണ്ണിക്കാനാകും.മുന്നേപോകുന്നവന്റെ ദേഹത്തേയ്ക്ക് തട്ടിയെറിയുന്ന ചെളിവെള്ളം, അമ്മയുടെ തല്ലിനാല്‍ അവന്‍റെ ഉറക്കത്തിലെ ഞെട്ടലുകളായ് മാറിയതും,അവന്‍റെ സങ്കടങ്ങള്‍ സ്വന്തം സങ്കടമായി കണ്ട്....അവനെ തഴുകി ക്ഷമചോദിച്ചതും എങ്ങനെ ഞാന്‍ മറക്കും......?

       ചുട്ടിതോര്‍ത്തുമുടുത്തു കൊച്ചുതോട്ടിലേക്ക് പരല്‍മീനുകളെ പിടിക്കാന്‍ ഊളിയിടുമ്പോള്‍ കയ്യില്‍ മീനിനുപകരം കയറികൂടിയ വാഴതണ്ടനും,അതുകാരണം ജീവിതത്തില്‍ പിന്നെ ഒരിക്കലും മീന്‍പിടുത്തം എന്ന സാഹസികകലയോട് യാത്രപറഞ്ഞു പിരിഞ്ഞതും,തോടിന്റെ വരമ്പില്‍ കൂട്ടുകാര്‍ പിടിക്കുന്ന മീനിനെ ഈര്‍ക്കിലില്‍ കോര്‍ത്ത്‌ ആ മീനുകളെ ജീവന്‍ പോകുമ്പോഴുള്ള ആ പിടച്ചില്‍ കാണാന്‍ വേണ്ടി ഇടയ്ക്ക് വെള്ളത്തില്‍ മുക്കി രസിച്ചതും. നോമ്പരത്തോടൊപ്പം......ഇത്തിരി മധുരം നുണയുന്ന ഓര്‍മ്മകള്‍ എങ്ങനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും......?

      ഉറ്റചങ്ങാതി ദേഹത്ത് തേച്ച ചൊറിതനത്തിന്റെ വിഷസൂചികള്‍ രോമകൂപങ്ങളില്‍ ആഴ്ന്നിറങ്ങുമ്പോഴും,അവനെ ഒറ്റുകൊടുക്കാതെ ഭ്രാന്താവസ്ഥയില്‍ തുള്ളിയോടിയ നാളുകളും,ഞായറാഴ്ചകളില്‍ പുല്ലരിയാനെന്ന വ്യാജേന ഓലമെടഞ്ഞുണ്ടാക്കിയ വല്ലവുമായി പാടത്തുപോകുമ്പോള്‍ കൂടെ വല്ലത്തില്‍ തിരുകുന്ന മുത്തശ്ശിയുടെ കൊച്ചുപിച്ചാത്തിയും,പാടത്തിന്റെ അരുകിലെ പൊന്തകാടുകളില്‍ വിളഞ്ഞു നില്‍ക്കുന്ന കടച്ചക്ക (പൈനാപ്പിള്‍) കൊച്ചുപിച്ചാത്തികൊണ്ട് വെട്ടിയെടുത്തു പങ്കുവച്ചുകഴിച്ചതും മണ്ണടിയുവോളം മറക്കുവാന്‍ കഴിയുമോ......?

     പാമ്പിനെയും,കീരിയേയും പേടിക്കാതെ ചൂരല്‍വള്ളികളാല്‍ ചുറ്റപെട്ട കുളങ്ങരകാവിനുള്ളിലേക്ക് ചൂരക്ക പറിച്ചുതിന്നാന്‍ നൂഴ്ന്നുകയറുമ്പോള്‍ ചൂരല്‍മുള്ളുകളാല്‍ പുറംനെടുകെ കീറി ചോരപൊടിയുമ്പോഴും നിലവിളിക്കാതെ വീണ്ടും വാശിയോടെ കൂടുതല്‍ കായകള്‍ പറിച്ചു കൈക്കലാക്കാന്‍ വെമ്പിയ ആ കുട്ടിക്കാലം എങ്ങനെ മറക്കാന്‍ കഴിയും.....?
പണ്ടാരിക്കാവില്‍ ഇപ്പോള്‍ ആ പഴയ കാടൊക്കെ വെട്ടിത്തെളിച്ച് ക്ഷേത്രം പണിത്,ഉത്സവവുമൊക്കെ കൊണ്ടാടാറുണ്ട്‌. ഇപ്പോള്‍ ഞങ്ങളെ ഊഞ്ഞാലാട്ടിയ ആ ചുണ്ണാമ്പുവള്ളികള്‍ ഉണ്ടോ എന്നുകൂടി അറിയില്ല.
 
       മണ്ണും,മഴയും,ചെളിയും ഒക്കെയായി കൂട്ടുകൂടി നടന്നിരുന്ന പഴയ ആ കുട്ടിക്കാലം,എനിക്കും,നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇന്നത്തെ പുത്തന്‍തലമുറയ്ക്ക് അത് തികച്ചും അന്യമാണ്.
ശൂരനാട് എന്ന കര്‍ഷകഗ്രാമം സമൃദ്ദമായ വിളനിലങ്ങളുടെ ഈറ്റില്ലമായിരുന്നു.ഇപ്പോഴും പൂര്‍ണ്ണമായി നഷ്ടപ്പെടാത്ത നെല്‍പാടങ്ങള്‍ അവിടെയുണ്ട്.കൊയ്ത്തും,മെതിയും വിരളമായെങ്കിലും അവിടെ നമുക്ക് കാണാന്‍ കഴിയും.

“ എന്‍റെ ഗ്രാമത്തെ ചങ്ങമ്പുഴയുടെ വാക്കുകളാല്‍ വര്‍ണ്ണിക്കുകയാണെങ്കില്‍.....

“തളിരും മലരും തരുപടര്‍പ്പും
തണലും,തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു-
മിളകിപറക്കുന്ന പക്ഷികളും
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴിയും കവര്‍ന്നുമിന്നി.

കരയറ്റോരാലസല്‍ ഗ്രാമഭംഗി.”



അജയ്മാധവ് - ശൂരനാട് 

No comments:

Post a Comment