Monday, March 31, 2014

പുഴമരിക്കുന്നു....!

പുഴമരിക്കുന്നു....!


വയറൊട്ടി വലിഞ്ഞോരീ പുഴമരിക്കുന്നു....!
നനയാതെ തൊണ്ടകീറി ചത്തുവീഴുമീ കാട്ടുമക്കള്‍...!
കുടലുകള്‍ കരിഞ്ഞ്,
പൊടിപറക്കും പഴയൊരാ കാടുകള്‍ ....!
വരണ്ടുകീറി ഉഴലുമാ നെല്‍പ്പാടങ്ങള്‍,
കിണറുകള് താവളമാക്കി ചിതലുകള്‍...!

തീക്കാറ്റില്‍ നിലംപൊത്തി, വന്മരങ്ങള്‍...!
ചിറകടിയില്ലാത്ത കിളിക്കൂടുകള്‍....!
വെട്ടിനുറുക്കിയാ സൗന്ദര്യം....,
പെയ്തൊഴിഞ്ഞോരാ സൗരഭ്യം.

മണ്ണ്ചുട്ടു കീശവീര്‍പ്പിച്ചവര്‍,
പുഴയും,നീര്‍ച്ചാലും കീറിവിറ്റവര്‍,
കടലുവില്‍ക്കാന്‍ വിലപേശുവോര്‍,
തെരുവില്‍ മകളെ ചരക്കാക്കിവയ്ക്കുവോര്‍....!

തീപിടിപ്പിക്കും ചിന്തകള്‍,
ശീതളമുറികളില്‍ ചര്‍ച്ചകള്‍,
വെളുക്കെചിരിക്കുന്ന രാഷ്ട്രീയഹിജഡകള്‍,
നാമിത് ദിനങ്ങളില്‍ കാണുന്ന കാഴ്ചകള്‍.....!

പ്രകൃതിയോടു മാനവന്റെ-
ക്രൂരകാരുണ്യചുംബനം.
കാതലും,ഫലവും ക്ഷയിച്ചീ ഭൂവിതാ,
മുക്തിമാത്രം കാത്ത്, അന്ത്യനേരവും കാത്ത്...!

---------------------------------------------------------


അജയ്മാധവ്-ശൂരനാട്
31/03/2014
Fujairah, U.A.E


Thursday, March 27, 2014

വെറുതെയൊരു മോഹം.....

വെറുതെയൊരു മോഹം...........


ഒന്നുഞാന്‍ ചോദിക്കട്ടെ...എന്‍പ്രിയേ...,
എന്‍റെയീ ദേഹത്തോട്....ഹൃദയത്തിനോട്....,
ഒന്ന് ചേര്‍ന്നുനില്‍ക്കാമോ.....?
നിന്നിലെ ചുടു നിശ്വാസങ്ങള്‍, നിന്നിലെ സുഗന്ധം,
എന്നിലേക്ക്‌ കൂടി പകരാനാണ്....! 
ഈ നിലാമഴയില്‍ നീയെന്നിലേക്ക്
ചേര്‍ന്ന് നില്‍ക്കുമ്പോള്‍,
നിന്‍റെയീ ഹൃദയതാളത്തിനൊപ്പം,ചേര്‍ന്ന്-
എന്‍റെയീ തുടിതെറ്റുന്ന മിടിപ്പുമായൊരു,
സമദൂര സഞ്ചാരത്തിനെനിക്ക് കൊതിയായി.
വരണ്ടുകീറിയ എന്‍റെയീ ചുണ്ടുകളെ,
നിന്‍റെയീ ചുണ്ടുകളിലെ മൃദുകണങ്ങള്‍ കൊണ്ടൊന്ന്,
നനയ്ക്കാനായ് ഞാന്‍ കൊതിക്കുന്നു.
കറുത്ത മൂടുപടമണിഞ്ഞ,
എന്‍റെയീ കണ്ണുകളെ പ്രഭാപൂര്‍ണ്ണമായൊരീ-
നിന്‍ നീര്‍മിഴികള്‍ കൊണ്ട് പ്രകാശിതമാക്കാന്‍,
എനിക്കേറെ മോഹം....!
ഒന്നുഞാന്‍ ചോദിക്കട്ടെ...എന്‍പ്രിയേ...,
എന്‍റെയീ ദേഹത്തോട്....ഹൃദയത്തിനോട്....,
ഒന്ന് ചേര്‍ന്നുനില്‍ക്കാമോ.....?
-------------------------------------------------------------

അജയ്മാധവ്-ശൂരനാട്
27/03/2014

Fujairah,U.A.E

തിരിച്ചു പോക്ക് ....

തിരിച്ചു പോക്ക് ....
------------------------------

ഹൃദയം നെടുകെ മൂര്ച്ചയേറിയ വാക്കിനാല്‍ വരയപ്പെടുമ്പോള്‍
രക്തം അണപൊട്ടി പുറത്തേയ്ക്ക് ഒഴുകണമെന്നില്ല......!
ഹൃദയരക്തം ആദ്യം കിനിയും, പിന്നീട് ചെറരുവികളായ്
നാലുപാടേയ്ക്കും പടരും.
പടര്ന്നു ,പടര്ന്നു എല്ലാ നാഡീഞരമ്പുകളിലും വ്യാപിക്കും....!
പിന്നീട് പുറത്തേയ്ക്കൊഴുകാന്‍ ഇടമില്ലാതെ അല്ലെങ്കില്‍,
പുറത്തേയ്ക്ക് ഒഴുക്കാന്‍ ആശിക്കാതെ
ആ ശരീരം എല്ലാം തന്നില്‍ തന്നെ അടക്കിനിര്ത്തും.
പിന്നീട് അതൊരു ആവേശമായി മസ്തിഷ്കത്തിലേക്ക്‌ പടര്ന്നു കയറും,
പടര്ന്നു കയറിയ ഹൃദയരക്തം തന്റെ ശരീരത്തില് തന്നെ മരവിപ്പിച്ച് നിര്ത്തും.
ചില നിമിഷങ്ങളില്‍ ഉഷ്ണചൂടില്‍ മരവിപ്പ് മാറി
വിദ്യുത്പ്രവാഹം പോലെ വ്യാപിക്കും.
ആ ചൂടില്‍ അത് ഒരു നേരിപ്പോടായ് നീറിനീറി
ഒരിക്കല്‍ അഗ്നിപര്വ്വതമായ് പൊട്ടിത്തെറിക്കും.
അപ്പോള്‍ സ്വയം നശിക്കാനോ....,
മറ്റുള്ളവയെ നശിപ്പിക്കാനുള്ള ഊര്ജ്ജവുമായി പിന്നെ ഒരു പാച്ചിലാണ്.
തനിക്കെതിരെ വരുന്ന എന്തിനെയും,ഏതിനെയും
നിഷ്പ്രയാസം പിന്തള്ളി ആ ആവേശം
ആ ശരീരത്തിനെ മുന്നോട്ടുകുതിപ്പിക്കും.
അവസാനം ഒരു പിടി ചാമ്പലായ.......തന്റെ ഓര്മ്മകളെ
വിലപേശാനുള്ള ദാനമായി അവശേഷിപ്പിച്ച് ഒരു മടക്ക യാത്രയാണ്....
അനന്തതയിലേക്ക്..............!

-----------------------------------------------------------------
അജയ്മാധവ്-ശൂരനാട്

25/03/2014 ,Fujairah , U.A.E

മായാത്ത കിനാവുകള്‍.....


മായാത്ത കിനാവുകള്‍.....


എന്നും ചിരിക്കുന്ന നിലാവിന്റെ ധന്യത,
നിന്‍ മുഖകാന്തിയില്‍ കണ്ടു.
നിന്നെ തലോടുന്ന പൂന്തെന്നലെപ്പോഴും,
എന്നിലെ സൌരഭ്യമായി......!
കാണാതെ ചിരിതൂകും നിന്‍-
ചുണ്ടിലെ ചെങ്കതിര്‍ കണികകളീ-
പ്പൊന്‍വെയില്‍ പ്രഭയിലോ.....
എന്നിലെ പുളകങ്ങളായി.....!
പണ്ടുനാമൊരുമിച്ചു നെയ്ത കിനാക്കളെ,
മറവിയ്ക്കും മായ്ക്കുവാനാവോ.....?

--------------------------------------------------------------------


അജയ്മാധവ്-ശൂരനാട്
25/03/2014

Fujairah,U.A.E

Friday, March 14, 2014

തെളിയും നിലാവ്


 
*** തെളിയും നിലാവ്........
************************

നിന്‍ കണ്ണുകളെന്തിനു വെറുതേ...ഈ-
നൊമ്പരകാഴ്ചകള്‍ കാണാനോ.....?
നിന്‍ കാതുകളെന്തിനു വെറുതേ...ഈ-
നൊമ്പരവാക്കുകള്‍ കേള്‍ക്കാനോ.....?
എന്‍നെഞ്ചിലൂറുന്നോരലിവോ....., അത്-
നീ തേടുന്നോരാ സ്നേഹാമൃതമോ....?

വര്‍ണ്ണങ്ങള്‍ ചാലിചോരെന്‍ കനവ്‌....., നിന്‍-
മുഖചിത്രത്തിലായ്‌ പകര്‍ന്നോട്ടെ....?
നീര്‍നിറയുമാ നിന്‍മിഴികള്‍ എന്‍-
മൃദുചുംബനം കാത്തങ്ങരിപ്പോ.....?

നിന്‍ കണ്‍കളില്‍ തെളിയും നിലാവെന്‍....,
ചിന്തകള്‍ ശോഭിതമാക്കും ...!
നിന്‍ കാതിലേക്കൊഴുകുമെന്‍ തേന്‍മൊഴികള്‍....,
നിന്‍ ചുണ്ടിലെ പുഞ്ചിരിയായ്‌ മാറും......!
എന്നും നീ കൂടെയുണ്ടെന്നാല്‍ നിനക്കായ്,
ഞാനൊരു സ്വപ്നസാമ്രാജ്യം തീര്‍ക്കും....!
ആ സന്തോഷവൃന്ദാവനത്തില്‍ നാം....,
കണ്ണനും, രാധയുമായ് മാറാം......!

*******************************
അജയ്മാധവ്-ശൂരനാട് 
12/03/2014