Sunday, January 19, 2014

മരണത്തിലേക്ക് സ്വയം നടന്നിറങ്ങിയ എന്റെ പ്രിയ സുഹൃത്ത്.....



മരണത്തിലേക്ക് സ്വയം നടന്നിറങ്ങിയ എന്റെ പ്രിയ സുഹൃത്ത്.....

       ഘട്ടപ്രഭ എന്ന കര്‍ണ്ണാടകത്തിലെ ഒരു ഉള്‍നാടന്‍ പട്ടണം ,ബെല്‍ഗാമില്‍ നിന്നും അറുപതോളം കിലോമീറ്റര്‍ സഞ്ചരിച്ചുവേണം അവിടെയെത്താന്‍. പ്രകൃതി ആവോളം സൗന്ദര്യം കനിഞ്ഞരുളിയ വളക്കൂറുള്ള മണ്ണ്, പച്ചപരവതാനി വിരിച്ച മലയടിവാരത്തിന് താഴെ ഇടതൂര്‍ന്നു തഴച്ചു വളര്‍ന്നുനില്‍ക്കുന്ന കരിമ്പിന്‍തോട്ടങ്ങള്‍,മുളകുപാടങ്ങള്‍ മനസ്സിന് കുളിരേകുന്ന വശ്യമനോഹരമായ സൂര്യകാന്തിപൂക്കളുടെ നാട്.

    1995-ല്‍ മഹാരാഷ്ട്രയിലെ കുടാലിലെ കമ്പനിയില്‍ നിന്നും ഞങ്ങള്‍ നാലുപേര്‍ ട്രാന്‍സ്ഫര്‍ ആയി എത്തിയത് ഘട്ടപ്രഭയിലെ കമ്പനിയില്‍ ആയിരുന്നു.....! ഞാനും,ജേക്കുവും(ജയന്‍),വേണുവും (വേണുഗോപാല്‍), അശോകനും,ഞങ്ങളില്‍ സീനിയര്‍ ചങ്ങനാശ്ശേരിക്കാരന്‍ ജേക്കുവായിരുന്നു.വേണു മാവേലിക്കരക്കാരന്‍.ഞാനും,അശോകനും ശൂരനാട്ടുകാര്‍.

    ഘട്ടപ്രഭ...! പട്ടണമെന്നു പറയാന്‍ മാത്രം ഒന്നുമില്ലെങ്കിലും,ആ പ്രദേശത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അങ്ങനെ വിശേഷിപ്പിക്കാം പട്ടണത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഞങ്ങളുടെ കമ്പനിയില്‍ എത്തും. ഹുബ്ലിയില്‍ നിന്നും ബെല്ഗാമിലേക്ക് പോകുന്ന മീറ്റര്‍ഗേജു തീവണ്ടികള്‍ മൂന്നോ,നാലോ എണ്ണം ദിനവും സഞ്ചരിക്കുന്ന ചെറിയ തീവണ്ടിപാത..., ഒരു ചെറിയ റയില്‍വേസ്റ്റേഷന്‍....,രണ്ടു ചെറിയ ഷീറ്റ്മേഞ്ഞ സിനിമാതിയേറ്റര്‍ ,അര കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ടുകിടക്കുന്ന കടകളും,മാര്‍ക്കറ്റും. അവിടെ ബേക്കറികള്‍ മൂന്നോ,നാലോ എണ്ണമുണ്ട്, അതു മുഴുവന്‍ തലശ്ശേരിക്കാര്‍ നടത്തുന്നതാണ്.പിന്നെ പ്രസിദ്ധമായ കര്‍ണാടക ഹെല്‍ത്ത്‌ സെന്റര്‍,ഘട്ടപ്രഭ മെഡിക്കല്‍കോളേജ് എന്നിങ്ങനെയുള്ള രണ്ടു വലിയ ഹോസ്പിറ്റലുകള്‍.ഇതായിരുന്നു ഘട്ടപ്രഭ എന്ന ചെറുപട്ടണത്തിന്റെ ഏകദേശചിത്രം.

    കമ്പനിയിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ഞങ്ങള്‍ ആകെ കുഴങ്ങി...., ഹിന്ദി ഭാഷ അറിയാവുന്നവര്‍ ആയി ആരുംഇല്ല , അറിയാവുന്ന കന്നടയിലെ ചില വാക്കുകള്‍ തട്ടിവിട്ടു കേരളക്കാര് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ അവിടെയുണ്ടായിരുന്ന ഒരാള്‍ തലശ്ശേരിക്കാരന്‍ ചേട്ടന്റെ ബേക്കറിയില്‍ കൊണ്ട് ചെന്നാക്കി. ആ ചേട്ടനോട് വഴിയും മനസ്സിലാക്കി ഞങ്ങള്‍ ബസ്സ്‌ നിര്‍ത്തുന്ന സ്ഥലത്തേയ്ക്ക് നടന്നു. എഴുമണിക്കൂര്‍ നീണ്ട യാത്ര ഞങ്ങളെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരു ബസ്സ് വാന്നു നിന്നു. ബസ്സെന്നു പറയാന്‍ കഴിയില്ല പണ്ട് പോലീസുകാര്‍ ഉപയോഗിച്ചിരുന്ന ഇടിവണ്ടി പോലെയൊന്ന്, ഞങ്ങള്‍ പരിഭ്രമിച്ചു നിന്നപ്പോള്‍ ആള്‍ക്കാര്‍ കയറാന്‍ പറഞ്ഞു. കുട്ട,വട്ടി,പച്ചക്കറികള്‍,ആട്,കോഴി എന്നിവയുമായി ആള്‍ക്കാര്‍ തിക്കിത്തിരക്കി അതിനുള്ളില്‍ വലിഞ്ഞു കയറി, ഉള്ളില്‍ സൂചികുത്താന്‍ ഇടമില്ല. ഞങ്ങളോട് അവര്‍ ബസ്സിന്റെ മുകളില്‍ കയറാന്‍ പറഞ്ഞു. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ബസ്സിന്റെ മുകളിലും,കോണിയിലും കയറി പരിചയമുള്ളതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല....!

     പരിചിതമല്ലാത്ത ആ ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ട്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചുറ്റിലും ഇടതൂര്‍ന്നു നില്‍ക്കുന്ന കരിമ്പിന്‍തോട്ടങ്ങള്‍,വെട്ടിയ കരിമ്പുമായി കൂട്ടമായി പോകുന്ന ട്രാക്ടറുകള്‍,എല്ലാം പുതിയ,പുതിയ കാഴ്ചകള്‍.....! ആടിയുലഞ്ഞു പതിയെ നീങ്ങുന്ന ആ ബസ്സിനു മുകളില്‍ ഇരുന്നുകൊണ്ട് പുതിയ മേച്ചില്‍പുറത്തേയ്ക്കുള്ള ആ യാത്ര ഞങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. പിന്നീട് ഒരിക്കലും അങ്ങനെയുള്ള ഒരു യാത്ര ആസ്വദിക്കുവാന്‍ പറ്റിയിട്ടില്ല. ഇടിവണ്ടിയില്‍ കയറിയുള്ള ഞങ്ങളുടെ യാത്രകള്‍ പിന്നീടും തുടര്‍ന്നുകൊണ്ടേയിരുന്നു.

        ഘട്ടപ്രഭയിലെ ജീവിതം എനിക്ക് നല്ലൊരു അനുഭവം ആയിരുന്നു,കര്‍ഷകരും,അവരുടെ ജീവിതവും എനിക്ക് വളരെയധികം അടുത്തറിയാന്‍ കഴിഞ്ഞു. ഞങ്ങള്‍ ആഹാരം കഴിച്ചിരുന്നത് ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്നും ആയിരുന്നു. ജവാരിറൊട്ടിയും,മാമ്പഴചാറും ഇന്നും എന്നിലെ ഓര്‍മ്മകളിലെ രുചികളില്‍ ഒന്നാണ്.

         ഒരു ദിവസം പെട്ടെന്ന് വേണുവിനു നെഞ്ചുവേദന വന്നു,അവന്‍ വേദനകൊണ്ട് നിലവിളിക്കുകയാണ്. പെട്ടെന്ന് തന്നെ കമ്പനിയുടെ വണ്ടിയില്‍ അവനെ കര്‍ണ്ണാടക ഹെല്‍ത്ത്‌സെന്‍റെര്‍ എന്ന മെഡിക്കല്‍കോളേജില്‍ എത്തിച്ചു.അവനോടൊപ്പം ഞാനായിരുന്നു പോയിരുന്നത്,അവന്റെ അവസ്ഥ ഇത്തിരി കൂടുതല്‍ ആയിരുന്നു.

      ആ ഹോസ്പിറ്റലില്‍ പഠിക്കാനായി ഒരുപാട് മലയാളി പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു,അവര്‍ എന്നോട് ചോദിച്ചു,വേണു മയക്കുമരുന്ന് കഴിക്കുമായിരുന്നോ എന്ന്.....! ഞാന്‍ അന്തം വിട്ടുപോയി, ഇല്ല വല്ലപ്പോഴും മദ്യപിക്കും,സ്ഥിരമായി സിഗരറ്റും വലിക്കും എന്ന് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തു. പക്ഷെ എന്റെ മറുപടി അവര്‍ക്ക് വിശ്വസനീയമല്ലായിരുന്നു. അവര്‍ പറഞ്ഞു അയാള്‍ നല്ലപോലെ മയക്കുമരുന്നിനു അടിമയാണ്,അയാള്‍ എന്തെങ്കിലും ഗുളികകള്‍ കഴിക്കുമായിരുന്നോ....എന്ന് എന്നോട് ചോദിച്ചു...? ഉണ്ട് എന്നും ഗുളികകള്‍ കഴിക്കുന്നത്‌ കാണാറുണ്ട്‌.അത് കഴിക്കുമ്പോള്‍ ഒരുമാതിരി കിറുങ്ങി നടക്കാറുണ്ട്.അപ്പോള്‍ പറയും ഗുളികയുടെ ശക്തിയാണ് എന്നൊക്കെ. അന്ന് അവനു 22 വയസ്സ് ആയിട്ടേയുള്ളൂ......! അവര്‍ എന്നോട് ആ ഗുളികയുടെലേബല്‍ കൊണ്ട് കാണിക്കണം എന്ന് പറഞ്ഞു,ഞാന്‍ ശരിയെന്നു പറഞ്ഞു അവന്റെ അടുത്തേയ്ക്ക് നടന്നു.

      ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ എന്നില്‍ നിന്നും എന്തോ മറയ്ക്കുന്നതായി തോന്നി.ഞാന്‍ അപ്പോള്‍ തന്നെ പുറത്തു ബൂത്തില്‍ പോയി കമ്പനിയിലേക്ക് ഫോണ്‍ വിളിച്ചു ജേക്കുവിനോട്  വിവരം പറഞ്ഞു...! ആ ഗുളികയുടെ കവര്‍ എടുത്തുകൊണ്ടു ഹോസ്പിറ്റലില്‍ എത്താന്‍ പറഞ്ഞു.

      ജയന്‍ അപ്പോള്‍ തന്നെ കമ്പനിയുടെ വണ്ടിയില്‍ ആ ഗുളികയുടെ കവറുമായി ഹോസ്പിറ്റലില്‍ എത്തി, ഞങ്ങള്‍ നഴ്സ് മുഖേന ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ അന്തംവിട്ടു നിന്ന് പോയി.ആ ഗുളിക ഭ്രാന്തുള്ളവരെ മയക്കി കിടത്താന്‍ ഉപയോഗിക്കുന്നതായിരുന്നു.ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും അത് വാങ്ങുവാന്‍ കഴിയുമായിരുന്നില്ല , പിന്നെ അവന്‍ എങ്ങനെ ഇത് വാങ്ങി ഡോക്ടര്‍ ഞങ്ങളോട് ചോദിച്ചു. വേണുവിന്റെ വീട്ടില്‍വിവരം അറിയിക്കാന്‍ ഡോക്ടര്‍ ഞങ്ങളെ ഉപദേശിച്ചു,അവിടെ നിന്നും ബാംഗ്ലൂരില്‍ ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു.ഒന്നും മിണ്ടാനാകാതെ ഞാനും ,ജേക്കുവും പരസ്പരം നോക്കി നിന്നു.

     എന്ത് ചെയ്യണമെന്നു ഞങ്ങള്‍ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു,അവന്റെ വീട്ടില്‍ അറിയിച്ചാല്‍ അവര്‍ വളരെയധികം വേദനപ്പെടും,ഞങ്ങള്‍ വീണ്ടും ഡോക്ടറെ കണ്ടു,അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചു.അദേഹത്തിന് മനസ്സലിവുണ്ടായി,ഇവിടെ ഞാന്‍ അതിനുള്ള മരുന്ന് കൊടുക്കാം,പക്ഷെ വീണ്ടും ഇതാവര്‍ത്തിച്ചാല്‍ അയാള്‍ രക്ഷപെടില്ല . ഇനി അതുണ്ടാകില്ല എന്ന് ഞങ്ങള്‍ ഡോക്ടറിനു ഉറപ്പുകൊടുത്തു.

     വേണുവിനോട് ഇക്കാര്യത്തെ കുറിച്ച് ഞാനും,ജയനും സംസാരിച്ചു.അവന്‍ ആദ്യമൊക്കെ ഒഴിഞ്ഞുമാറി...പിന്നീട് സമ്മതിച്ചു,തുടങ്ങിയിട്ട് 2 വര്‍ഷത്തോളമായി എന്നും,ഇടയ്ക്കൊക്കെ ഇന്‍ജക്ഷന്‍ എടുക്കാറുണ്ട് എന്നും. അത് ഞങ്ങള്‍ക്കുള്ള ഒരു പുതിയ ഒരറിവായിരുന്നു. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ഞങ്ങള്‍ കൂടെ ഉണ്ടാവുകയില്ല എന്നും ഞങ്ങള്‍ പറഞ്ഞു. ഇടയ്ക്ക് രാത്രികാലങ്ങളില്‍ അവന്‍ വേദനകൂടി തലയും കയ്യുമൊക്കെ കട്ടിലില്‍ ഇടിയ്ക്കുകയും  നിലവിളിക്കുകയും ചെയ്യുമായിരുന്നു , ആ സമയത്തൊക്കെ അവന്റെ കയ്യും ,കാലും കട്ടിലില്‍ കെട്ടിയിട്ടാണ് അതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചത്. അതൊക്കെ വളരെ വേദന നല്‍കിയ സംഭവങ്ങള്‍ ആയിരുന്നു. അവന്‍ ഇടയ്ക്കൊക്കെ പിച്ചും,പേയും പറയുന്നത് കേട്ട് ഞാന്‍ വേദനയോടെ അവനെ സമാധാനിപ്പിക്കുമായിരുന്നു. 25 ദിവസത്തോളം വേണുവിനോടൊപ്പം ഞാന്‍ ഹോസ്പിറ്റല്‍ അവനു ഉറക്കമില്ലാതെ കാവലിരുന്നു. അന്നൊക്കെ അവിടെയുണ്ടായിരുന്ന മലയാളി പെണ്‍കുട്ടികള്‍ എന്നെ വളരെയധികം സഹായിച്ചിരുന്നു.

     പിന്നീട് കുറേകാലം അവന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഗുണ്ടയ്ക്കലില്‍ വച്ച് ഞങ്ങള്‍ പലരും പല വഴിയ്ക്കായി പിരിഞ്ഞു.അവന്‍ ഞങ്ങളുടെ കമ്പനിയില്‍ കുറേകാലം മധുരയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീട് ഞാന്‍ സ്വന്തമായി കാക്കിനാടയില്‍ റിലയന്‍സിന്റെ പ്രോജക്ടില്‍  പണി കോണ്ട്രാക്റ്റ് എടുത്തു  പണിക്കാരെ അന്വേഷിച്ചു നടക്കുമ്പോള്‍ എന്‍റെ, സുഹൃത്ത് സുരേഷ് പറഞ്ഞു നമ്മുടെ വേണുവിനെ വിളിക്കാം എന്ന്,അവന്‍ ഇപ്പോള്‍ നാട്ടിലുണ്ട് . അങ്ങനെ ഞങ്ങള്‍ മാവേലിക്കരയില്‍ അവന്റെ വീട്ടില്‍ ചെന്നു.

     അവനെ കണ്ടു എനിയ്ക്ക് ആളെ ആദ്യം മനസ്സിലായില്ല,വെളുത്തു സുന്ദരനായിരുന്നു അവന്‍, കവിതകളും,പുസ്തകങ്ങളും അവന്‍ ഏറെ ഇഷ്ടപെട്ടിരുന്നു.പണ്ടൊക്കെ ഞങ്ങളുടെ വൈകുന്നേരങ്ങള്‍ ആനന്ദമാക്കിയിരുന്നത് അവന്‍ ആലപിക്കുന്ന കവിതകള്‍ ആയിരുന്നു. അവന്റെ അപ്പോഴത്തെ പ്രകൃതം എന്നെ വളരെയധികം വേദനിപ്പിച്ചു. ഇരുണ്ടു മെലിഞ്ഞു,ആകെ കൂടി ഒരു ഭ്രാന്താവസ്ഥ. അവന്റെ വീട്ടില്‍ ഞങ്ങള്‍ കാര്യങ്ങള്‍ തിരക്കി. ഇപ്പോള്‍ അവന്‍ പഴയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും, അവന്റെ അവസ്ഥയില്‍ മനംനൊന്ത് അവന്റെ അച്ഛന്‍ അറ്റാക്ക് വന്നു മരിച്ചു , ഇപ്പോള്‍ ബ്ലഡ്‌ക്യാന്‍സര്‍ എന്ന മാരക രോഗം അവനെ കീഴടക്കിയെന്നും അതിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട് എന്നും അവന്റെ അമ്മ വേദനയോടെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആകെ വിഷമത്തിലായി. അവനെ എങ്ങനെയെങ്കിലും അതില്‍ നിന്നുംപിന്തിരിപ്പിക്കണമെന്ന് അവന്റെ അമ്മ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവനെ എന്നോടൊപ്പം കാക്കിനാടയ്ക്കു കൊണ്ടുപോകാന്‍ ഞാനും തീരുമാനിച്ചു.

    അങ്ങനെ ഞാനും,സുരേഷും കൂടി അവനെ കാക്കിനാടയില്‍ ഞങ്ങളുടെ സൈറ്റില്‍ സുപ്പര്‍വൈസര്‍ ആയി നിര്‍ത്തി. ഞങ്ങളുടെ കണ്ണുവെട്ടിച്ചു അവന്‍ മദ്യപാനം തുടങ്ങി. ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തേയ്ക്ക് അവന്റെ പെരുമാറ്റവും,രീതിയും മാറിയപ്പോള്‍ ഒരു ദിവസം ഞാന്‍ വളരെയേറെ ദേഷ്യപെട്ടു. ഇനി ആവര്‍ത്തിയ്ക്കില്ല എന്നൊക്കെ അന്ന് ഞങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു. ഇടയ്ക്ക് അവന്‍ ചുമയ്ക്കുമ്പോള്‍ രക്തംതുപ്പാന്‍ തുടങ്ങി. അങ്ങനെ അവനെ സുരേഷിനെയും കൂട്ടി നാട്ടിലേക്ക് വിട്ടു,പിന്നീട് നാട്ടില്‍ ചികിത്സ തുടര്‍ന്നു.

   കാക്കിനാടയിലെ പ്രൊജക്റ്റ്‌ തീര്‍ന്നു ഞാന്‍ യു.എ.ഇ.ലേക്ക് വന്നു.സുരേഷിനെ വിളിക്കുമ്പോള്‍ അവന്റെ കാര്യങ്ങള്‍ ഞാന്‍ തിരക്കാറുണ്ട്.പിന്നീട് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ബാംഗ്ലൂരില്‍ വച്ച് വേണു മരിച്ചു എന്ന് സുരേഷ് എന്നോട് പറഞ്ഞത്. വളരെ വേദനയോടെയാണ് ഞാന്‍ ആ വാര്‍ത്ത കേട്ടത്.

      മരണത്തിലേക്ക് സ്വയം നടന്നു പോയ എന്റെ കൂട്ടുകാരന്‍, ഇന്നും എന്റെ ഓര്‍മ്മയില്‍ അവന്‍ ഉണ്ട്. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് ബുദ്ധിജീവി ആകാനുള്ള അടങ്ങാത്ത ആഗ്രഹം ആയിരുന്നിരിക്കാം അവനെ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകങ്ങളില്‍ ഒന്ന്. അവന്റെ മുഖവും,കൈവീശി അടിആടിയുള്ള നടത്തവും,ചുണ്ടില്‍ എരിയുന്ന വില്‍സ് സിഗറെറ്റും അതില്‍നിന്നും അവന്‍ പുറത്തേയ്ക്ക് ഊതിവിടുന്ന റിങ്ങുകള്‍ പോലെയുള്ള പുകചുരുളുകളും എല്ലാം......എല്ലാം.........!

**********************                    ***************************                    *******************************
അജയ്മാധവ്-ശൂരനാട്
18/01/2014

Fujairah , U.A.E

1 comment:

  1. ഹായ്.......കൂട്ടുകാരെ.....എല്ലാവര്ക്കും നമസ്കാരം.....

    ReplyDelete