Thursday, January 30, 2014

പ്രണയവര്‍ണ്ണങ്ങള്‍


***   പ്രണയവര്‍ണ്ണങ്ങള്‍......!!!!
*****************************************

            വല്ല്യ പള്ളിക്കൂടത്തിന്റെ മുന്‍പിലൂടെ ഇപ്പോഴും ഞാന്‍ കടന്നുപോകുമ്പോള്‍
 മെയിന്‍ഹാളിന്റെ ആ നീളന്‍ വരാന്തയും അതിനു മുന്നില്‍
പടര്‍ന്നു പൂത്തുലഞ്ഞു നില്‍ക്കുന്ന നെല്ലിമരവും പതിറ്റാണ്ടുകളുടെ തിരുശേഷിപ്പായി ഇന്നും എന്റെ ഓര്‍മ്മകളില്‍ ഉണ്ട് ! അതിന്റെ ഭംഗിയ്ക്ക് ഒട്ടും കേടുവരാതെ ഒരു...തിരശ്ശീലയില്‍ എന്നപോലെകാണാന്‍ കഴിയുന്നുണ്ട്....! ആ കാഴ്ചകള്‍ എന്നില്‍ നിറയുമ്പോള്‍ ആ മുറ്റത്തേയ്ക്ക് , എന്റെ ബാല്യകാലത്തിലേക്ക്...എന്നെ തിരിച്ചു വിളിക്കുന്നതായി എനിക്ക് തോന്നും പക്ഷെ എനിക്കറിയാം സ്വപനത്തിലല്ലാതെ ഒരിക്കലും എനിക്ക് എന്റെ ബാല്യം തിരച്ചുകിട്ടില്ല എന്ന്......!
            ഓര്‍മ്മകളുടെ പടുകുഴിയില്‍ നിന്നും നഷ്ടപ്പെട്ട ആ...ബാല്യകാലം നിറമുള്ള ഓര്‍മ്മകളായ്‌,ഒരു പ്രളയത്തില്‍ നിന്നെന്നപോലെ നിറഞ്ഞു,പതഞ്ഞോഴുകുകയാണ്....! ഒരുകുടക്കീഴില്‍ എന്നപോലെ ഒരേക്ലാസ്സില്‍ അഞ്ചുവര്‍ഷക്കാലം എല്ലാവരുംകൂടി ഒരുമിച്ചു പഠിച്ചത്,പിന്നീട് എന്നന്നേയ്ക്കുമായി.....അവിടം വിട്ടു പിരിയേണ്ടി വന്നപ്പോള്‍ ഉണ്ടായ നൊമ്പരം....! പരിഭവങ്ങളുമായി,വഴിപിരിഞ്ഞവര്‍, പ്രണയിച്ചവര്‍....,പ്രണയം നടിച്ചവര്‍...., കലഹിച്ചവര്‍....! എല്ലാവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു......! അവരെല്ലാം ഇന്ന് ഏതെല്ലാം വഴികളില്‍, അവരോടൊപ്പം അതേ സ്കൂള്‍മുറ്റത്ത് വീണ്ടും ഒന്നിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്ലെന്നു ഞാന്‍ ആശിച്ചു പോകുന്നു........!
         മെയിന്‍ഹാളിന്റെ തെക്കേയറ്റത്തുള്ള ക്ലാസ്സുമുറിയിലെ...ഇടതുഭാഗത്തുള്ള മുന്‍പിലത്തെ ബഞ്ചില്‍ ആയിരുന്നു എന്റെ ഇരിപ്പിടം.വലതുഭാഗത്തായി ഉള്ള ബഞ്ചുകളില്‍ പെണ്‍കുട്ടികളുടെ നീണ്ട നിര. എല്ലാവരും താഴ്ന്ന ആറാം ക്ലാസ്സുമുതല്‍ ഒരുമിച്ചു വന്നവര്‍,പരിചിതര്‍ . ആ ആള്‍ക്കൂട്ടത്തില്‍ നിന്നും നീണ്ടുവരുന്ന ഒരു പെണ്‍കുട്ടിയുടെ നോട്ടം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.....! ഞാനത് കണ്ടില്ലെന്നു ഭാവിച്ചു നടന്ന നാളുകള്‍ പിന്നീട് ആ മുഖവും ആ കണ്ണുകളും എന്റെ മനസ്സില്‍ ഒരു കുളിര്‍മഴയായി പെയ്തു തുടങ്ങിയപ്പോള്‍ എന്നില്‍ ഉണ്ടായ അനിര്‍വചനീയമായ വികാരങ്ങള്‍ എന്തെന്ന്....? അതിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ലായിരുന്നു !  ആ കണ്ണുകളിലെ തിളക്കം...ആ കണ്പീലികളുടെ പിടയല്‍ എല്ലാം എനിക്കന്നു പുതിയ ഒരനുഭവം ആയിരുന്നു എന്നില്‍ മാത്രം ഒതുങ്ങുന്ന ഒരു അനുഭൂതിയായ് ഞാനതു കൊണ്ട് നടന്നിരുന്നു,എന്നെ അറിഞ്ഞിരുന്ന അവളും......അത് പുറത്തു പ്രകടിപ്പിക്കാന്‍ മടിച്ചു.
            ഒഴിവുനേരങ്ങളില്‍ അവളുടെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ എന്റെ ശരീരത്തില്‍ നേരിയ ഒരു വിറയല്‍ അനുഭവപ്പെട്ടിരുന്നു....! അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ എനിക്ക് ഭയമായിരുന്നു. ഒരിക്കല്‍  ഞാന്‍ അവളുടെ സാമൂഹ്യപാഠം പുസ്തകം നോക്കാന്‍ വേണ്ടി വാങ്ങി, വെറുതേ ഞാന്‍ ആ പുസ്തകം മറിച്ചുനോക്കി അപ്പോള്‍ തോന്നിയ വികൃതിക്ക് പുസ്തകത്താളുകള്‍ക്കിടയില്‍  ഞാന്‍ ഒരു തുണ്ടുകടലാസും വച്ചു,ആ കടലാസില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു  ‘എനിക്ക് നിന്നെ ഇഷ്ടമാണ്’  ക്ലാസ്സില്‍ അവള്‍ ഇല്ലാത്ത സമയം നോക്കി ഞാന്‍ അത് അവളുടെ ബാഗില്‍ വച്ചു, എന്റെ ഹൃദയമിടിപ്പിന്റെ താളം പൊടുന്നനെ കൂടിക്കൂടി വന്നുകൊണ്ടിരുന്നു.....
           
           അന്നത്തെ ക്ലാസ്സ് തീരുന്നതു വരെ അവള്‍ പുസ്തകം നോക്കിയിരുന്നില്ല,പോകുമ്പോള്‍ അവള്‍ എന്നോട് പുസ്തകം ചോദിച്ചു.ബാഗില്‍ വച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു . എന്റെ മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായി അവള്‍ അത് കാണുമ്പോള്‍ എന്നെക്കുറിച്ച് എന്താണ് വിചാരിക്കുക....?എന്നോട് ദേഷ്യം തോന്നുമോ........? അതോ അവള്‍ക്കു എന്നോട് സ്നേഹമുണ്ടോ.......? എന്നിങ്ങനെ കാടുകയറി എന്റെ ചിന്തകള്‍.
          ട്യൂഷന്‍ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകുമ്പോഴും ഞാന്‍ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇല്ല.....അവള്‍ അത് കണ്ടിട്ടുണ്ടാവുകയില്ല........! പാടവരമ്പത്ത് വഴികള്‍ പിരിയിന്നിടത്തു ഞങ്ങള്‍  യാത്രപറഞ്ഞു പിരിയുമ്പോഴും അവളില്‍ യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
            പിറ്റേന്നു ഒരു വിറയലോടെയാണ് ക്ലാസ്സില്‍ ഞാന്‍ കടന്നുചെന്നത്. പതുക്കെ അവള്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് ഞാന്‍ നോക്കി,അവളുടെ കണ്ണുകളില്‍ ഒരായിരം നക്ഷത്രങ്ങള്‍ ഞാന്‍ കണ്ടു......! ആ മുഖത്തുവിരിയുന്ന പുഞ്ചിരി,എന്നില്‍ ഒരു ജ്വാലയായ് പടര്‍ന്നു ലോകം വെട്ടിപ്പിടിച്ചതു പോലെ എനിക്ക് തോന്നി......! എങ്കിലും അത് പുറത്തു കാണിക്കാന്‍ ഞാന്‍ ഭയപ്പെട്ടു. മറ്റു കൂട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ കളിയാക്കും. എനിക്കും.അവള്‍ക്കും പിന്നെ സ്വസ്ഥത തരില്ല. ക്ലാസ്റൂമുകളില്‍ സ്കൂളിന്റെ ചുവരുകളില്‍, ക്ലാസ്സിലെ ബോര്‍ഡില്‍ ഞങ്ങളുടെ പേരുകള്‍ സ്ഥാനംപിടിക്കും......! അതിനാല്‍ അവളോടുള്ള എന്റെ സ്നേഹം ഞാന്‍ ആരോടും പറയാതെ പ്രകടിപ്പിക്കാതെ എന്റെ മനസ്സിനുള്ളില്‍ ഒളിപ്പിച്ചു നടന്നു......!
             പത്താം ക്ലാസില്‍ പരീക്ഷ കഴിഞ്ഞു എല്ലാവരും സ്കൂളിന്റെ പടിയിറങ്ങിയപ്പോള്‍ അവളുടെ കണ്ണുകളിലെ നീര്‍ത്തിളക്കം ഞാന്‍ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു.......! ഞാന്‍ അവളോട്‌ എന്ത് പറയാന്‍.....? നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെങ്കിലും ഈ വിദ്യാലയത്തില്‍ ....ഈ ക്ലാസ്സ് മുറിയില്‍ വീണ്ടും ഒന്നിക്കുകയില്ലല്ലോ.....! പാടത്തിനു നടുവിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടിന്റെ അരികിലുള്ള കലങ്കില്‍ ഞാന്‍ സങ്കടത്തോടെ ഇരുന്നു.അവളുടെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ നീര്‍മണികള്‍ ആയിരുന്നു എന്റെ മനസ്സില്‍.....! ഒരിക്കല്‍ പോലും അവളെന്നോട് സ്നേഹമാണെന്ന് പറഞ്ഞിരുന്നില്ല എങ്കിലും അവളുടെ നോട്ടത്തിലും,ഭാവങ്ങളിലും....എനിക്ക് അത് ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു.....!
             അതുവരെ എനിക്കറിയില്ലായിരുന്നു പ്രണയത്തിന്റെ തീഷ്ണതയെപറ്റി,നെഞ്ചു വിണ്ടുകീറുന്നതുപോലെ ആണെനിക്ക്‌ അപ്പോള്‍ തോന്നിയത്.
സ്വയം ആശ്വസിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്കുള്ള വഴിയെ നടന്നു.....! ഇനിയൊരിക്കലും തിരിച്ചുവരാത്ത ആ....സൌഭാഗ്യത്തെ ഓര്‍ത്ത്‌ നെടുവീര്‍പ്പിട്ടു കൊണ്ട്......! എന്റെ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടം ആയിരുന്നു അത്.......!
             കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രവാസിയുടെ വേഷം എടുത്തണിഞ്ഞു.ഗോവ എന്ന നഗരത്തിലേക്കുള്ള യാത്രയില്‍ പ്രണയവും,പ്രണയിനിയും എല്ലാം എന്റെ കാഴ്ചയില്‍ നിന്ന് അകലേക്ക്‌ മായുമ്പോള്‍ എന്റെ കാഴ്ചകളില്‍ ദൂരെയായ് നില്‍ക്കുന്ന ഇലകൊഴിഞ്ഞ ഒരു മരവും......അതിന്റെ നഗ്നമായ കൊമ്പും....ചില്ലകളും......പിന്തുടരുന്നതായി...തോന്നി....
    
            


30/01/2014

അജയ്മാധവ് , ഫുജൈറ , യു.എ.ഇ 

No comments:

Post a Comment