Wednesday, May 28, 2014

ആ നിലാ സന്ധ്യയില്‍......

ആ നിലാ സന്ധ്യയില്‍...... 
-------------------------------------------


അസ്തമയം കഴിഞ്ഞോരാ നിലാസന്ധ്യയില്‍ 
കുളികഴിഞ്ഞീറനാം വാര്‍മുടി, 
നിന്‍ കൈവിരല്‍ തുമ്പാല്‍ കുടഞ്ഞും,
തെളിഞ്ഞൊരാ നെറ്റിമേല്‍, വിയര്‍പ്പില്‍-
കുതിര്‍ന്നോരാ മഞ്ഞള്‍ക്കുറിയണിഞ്ഞ്,
ചെങ്കടല്‍ പകുത്ത ചുണ്ടിണകളില്‍ വിടര്‍ന്നൊരു-
പുഞ്ചിരിനാളം കൊളുത്തി നീയെന്നരികത്തണഞ്ഞപ്പോള്‍ 
മഴകാത്തുകിടക്കും വയല്പ്പൂവ് പോലെ 
നിന്‍കണ്ണിണകളില്‍ തിരതല്ലിയെത്തുമാ, 
പുതുവെട്ടം ഞാന്‍ കണ്ടു പെണ്ണേ.....!!

നമുക്കാ നിലാവ് പെയ്യുന്ന ഇറയത്തേയ്ക്ക് പോകാം
അവിടെ രാപ്പാടിയോടൊത്തൊരു കഥ പറഞ്ഞിരിക്കാം. 
നെടുനിശ്വാസത്തിന്‍റെ നനവുള്ളോരാ ചൂട്
നീയെന്‍ മുഖത്തേയ്ക്കൊഴുക്കിയപ്പോള്‍,
ശിലകളുറങ്ങുന്ന എന്‍റെ മാറില്‍ തുടിയുണരുന്നതും 
വനലഹരിപോലെ എന്‍റെ സിരകളുണരുന്നതും 
വിരഹത്തിന്‍റെ ഇടനാഴികളില്‍ നിന്നും 
പ്രണയാര്‍ദ്രമായ കുത്തൊഴുക്കിലേക്ക് ഞാനൊഴുകിയതും 
ഈ വനവാസ കാലത്തിലും ഞാനോര്‍ക്കുന്നു പ്രിയേ....! 

------------------------------------- ---------------------------------- 

അജയ്മാധവ്-ശൂരനാട്
28/05/2014
Fujairah , U.A.E

No comments:

Post a Comment