Thursday, May 29, 2014

മഞ്ഞലയൊഴുകുന്ന താഴ്വര........

മഞ്ഞലയൊഴുകുന്ന താഴ്വര........
-------------------------------------------------


മൂടികെട്ടികിടക്കുന്ന ആകാശത്തിനു കീഴെ ഒരു മഴ തൂങ്ങിനില്‍പ്പുണ്ട്, പെയ്തുതീരാന്‍ വെമ്പുന്ന ആ മഴമേഘങ്ങളെ നോക്കി ജനാലയുടെ അരികിലുള്ള ചാരുകസേരയിന്മേല്‍ മീര ഇരുന്നു. മുഖത്തു വച്ചിരുന്ന കണ്ണടയൂരി അവള്‍ മേശമേലേയ്ക്കു വച്ചു. ആ മഴമേഘം കണക്കെ അവളുടെ മനസ്സും മൂടികെട്ടികിടന്നു....! ഓര്‍മ്മകളിലും കാഴ്ചകളിലും മൂടല്‍ ബാധിച്ച് മറ്റേതോ ലോകത്തേയ്ക്കും, കാഴ്ചകളിലേക്കും പോകുന്നത്പോലെ തോന്നി അവള്‍ക്ക്. അവ്യക്തമായ പലതരം ചിത്രങ്ങളും, ഓര്‍മ്മകളും തന്നിലേക്ക് വന്നണയുന്നത് പോലെ തോന്നി മീരയ്ക്ക്...! കണ്ണുകളടച്ച്‌ ഒരു സ്വപ്നത്തിലെന്നപോലെ പതുക്കെ പിറകിലേക്ക് ചാരിയിരുന്നു. അവളുടെ ഓര്‍മ്മകള്‍ നെയ്ത്തിരിപോലെ എരിഞ്ഞടങ്ങിയ ഒരു നഷ്ടപ്രണയത്തിലെ വേദനിപ്പിക്കുന്ന ചിത്രങ്ങളിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

ഒരിക്കലെങ്കിലും അവന്‍ തന്നെ പ്രണയിച്ചിരുന്നോ.....? ഒരു നിമിഷമെങ്കിലും.....? ഉണ്ടാകില്ല....! ഉണ്ടായിരുന്നെകില്‍ ഇങ്ങനെ തന്നെ തനിച്ചാക്കി ഒരിക്കലും അവനു പോകാന്‍ കഴിയുമായിരുന്നില്ല.....! അതോ തന്നോടുള്ള ഇഷ്ടകൂടുതല്‍ അവനൊരു ആവേശമായതാണോ കാരണം....? അപ്പോള്‍ താനല്ലേ തെറ്റുകാരി....? ഒരു പ്രണയപൂക്കാലം തനിക്കു സമ്മാനിച്ച് അവന്‍ പോയ്‌മറഞ്ഞു.....! ചിലമ്പിച്ച ഒരൊച്ച മാത്രം തന്‍റെ ചെവിയില്‍ മന്ത്രിച്ച്‌, എന്‍റെ കണ്ണീരൊപ്പാന്‍ പോലും നില്‍ക്കാതെ നീ പിടഞ്ഞകന്നതെന്തേ.....? ഒരായിരം ചോദ്യങ്ങളും, മറുപടികളും കൊണ്ട് മീരയുടെ മനസ്സ് ഉഴലുകയായിരുന്നു...!

ഒരിക്കലവന്‍ വരും...! പ്രണയം പെയ്തിറങ്ങുന്ന നിലാവത്ത് ഒച്ചയുണ്ടാക്കാതെ വന്ന്‍ തന്നെയാ കരവലയത്തിലൊതുക്കും, തന്നില്‍ നിന്നുയരുന്ന നേര്‍ത്ത തേങ്ങലകറ്റുവാന്‍ തന്നെ ആ നെഞ്ചിലേക്ക് ചേര്‍ത്തണയ്ക്കും....! തന്‍റെ മിഴിയിണകളില്‍ നിന്നുമൂര്‍ന്നിറങ്ങുന്ന നീര്‍മണികളെ ആ ചുണ്ടാല്‍ തുടയ്ക്കും....! അപ്പോള്‍ അവന്‍ നേര്‍മ്മയുള്ള ചന്ദനം മണക്കുന്ന വെളുത്ത്തിളങ്ങുന്ന വസ്ത്രങ്ങളാവും ധരിച്ചിരിക്കുക, എന്‍റെ വേഷവും ഒരു മാലാഖയുടേതായിരുന്നു. അപ്പോള്‍ അവന്‍റെ മുഖം പഴയതിലും പ്രസന്നമായി കാണപ്പെടും. പിന്നെ തന്‍റെ കൈകള്‍ കവര്‍ന്ന് അങ്ങ് വിദൂരതയില്‍, ചുറ്റും മഞ്ഞുപാടകളാല്‍ മൂടികിടക്കുന്ന ഒരു താഴ്വരയിലേക്ക് അവന്‍ തന്നെ കൂട്ടികൊണ്ടുപോകും. മഞ്ഞുപുതച്ചുറങ്ങുന്ന ആ താഴ്വരയില്‍ ഞാനും അവനും മാത്രം....!

മഞ്ഞലകള്‍ മൂടിയ ആ നീലരാവില്‍ അവനെന്നോട് ചോദിക്കും "സഖീ നിന്‍റെ മിഴിയിണ തുളുമ്പുന്നതെന്തേ...? ഞാന്‍ നിന്നെ വിട്ടെറിഞ്ഞ്‌ പോയതല്ല, അതിനെനിക്കാവുകയുമില്ല.....! നിനക്കോര്‍മ്മയില്ലേ അന്ന് നിന്‍റെ പിറന്നാള്‍ ദിവസം ഞാന്‍ നിന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ....! നിന്നെ കാണാനുള്ള ധൃതിയില്‍ ഞാന്‍ മറ്റൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല....! തിരക്കേറിയ വീഥിയില്‍ ഞാന്‍ ഒന്നും നോക്കിയില്ല, എന്‍റെ കണ്‍മുന്നില്‍ നിന്‍റെ ചിരിക്കുന്ന മുഖവും നിനക്ക് നല്‍കാനുള്ള സമ്മാനവും മാത്രമേ ഉണ്ടായിരുന്നുള്ളു....! പെട്ടെന്ന് എന്നെ ആരോ വിളിക്കുന്നതായി എനിക്ക് തോന്നി....., ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയതെയുള്ളൂ...., എന്നിലേക്ക്‌ എന്തോ പാഞ്ഞുവന്നതുമാത്രമേ എനിക്കോര്‍മ്മയുള്ളൂ......! അപ്പോള്‍ താന്‍ അവന്‍റെ ചുണ്ടുകളില്‍ കൈവിരലുകള്‍ അമര്‍ത്തി വേണ്ടായെന്ന് പറയുമ്പോള്‍ പോലും ആ കാഴ്ചകള്‍ കൂടുതല്‍ തെളിമയോടെ എന്‍റെ മനസ്സില്‍ തെളിഞ്ഞു...!

“തിരക്കേറിയ ആ വലിയ വീഥിയുടെ ഒരു വശത്ത്‌ ആള്‍ക്കൂട്ടത്തിന് നടുവില്‍ തനിക്ക് സമ്മാനം നല്‍കാനായി വാങ്ങിയ ആ പൂക്കൂടയും നെഞ്ചോടടുക്കി അവന്‍....! തലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന കട്ടപിടിച്ചചോര ചതഞ്ഞരഞ്ഞ പൂക്കളിലേക്ക്‌ ഇറ്റിറ്റു വീഴുന്നു...! താന്‍ ഒന്നേ നോക്കിയുള്ളൂ...! ഓടിയെത്തി താന്‍ അവനെ തന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വച്ച്...., ചുറ്റിനും നില്‍ക്കുന്ന ആളുകളെ വൈരാഗ്യത്തോടെ പകച്ചു നോക്കി....! മുഖത്തമരുന്ന ഒരു മരവിപ്പിന്‍റെ നനവ് അവന്‍റെ കൈവിരലുകള്‍ ആണെന്ന് താന്‍ അറിഞ്ഞു...! താന്‍ ആ മുഖത്തേയ്ക്ക് നോക്കുമ്പോഴും അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...! ആരൊക്കെയോ ചേര്‍ന്ന് തന്നെ വലിച്ചു മാറ്റുന്നത് മാത്രമേ ആ ഓര്‍മ്മയിലുള്ളൂ....! കണ്ണിനും മനസ്സിനും പിന്നെ ഒരു മരവിപ്പ് മാത്രമായിരുന്നു.....!

ഓര്‍മ്മയിലേക്ക് തിരികെയെത്തിയപ്പോള്‍, നീയിനി എന്നരുകിലേക്ക് വരില്ല എന്ന് ഞാന്‍ അറിഞ്ഞപ്പോഴും, എനിക്ക് നീ നല്‍കിയ പ്രിയമേറിയ നിമിഷങ്ങള്‍ മാത്രമായിരുന്നു കൂട്ടിന്...! ഇപ്പോഴും എന്നോര്‍മ്മകളില്‍ നീ എന്നരികിലേക്ക് എത്തുന്നതും ആ നിമിഷങ്ങളുടെ പ്രിയത കൊണ്ടല്ലേ...?

വെള്ളിനിലാവ് വീഴുന്ന താഴ്വരയില്‍ എങ്ങും ഒരു പുകപോലെ മഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു അപ്പോഴും....! താനെതോ മുനമ്പിന്‍റെ അഗ്രഭാഗത്തായി അവനോടൊപ്പം നില്‍ക്കുകയാണെന്ന് അവള്‍ക്ക് തോന്നി...! അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും....! തന്നെ അവന്‍ തന്‍റെ കൈകളാല്‍ കോരിയെടുത്തു പതുക്കെ മുന്‍പോട്ട് നടന്നു, അല്ല പറക്കുകയായിരുന്നുവോ....? ഞാന്‍ ഒന്ന് താഴേയ്ക്ക് നോക്കി താഴെ അഗാഥമായ ഗര്‍ത്തം ......! കണ്ണുകള്‍ ഞാന്‍ മുറുകെയടച്ചു...എന്ത് സുഖമുള്ള യാത്ര.....! മഞ്ഞലകളില്‍ തട്ടി തഴുകി അങ്ങനെ അങ്ങ് താഴേയ്ക്ക്.....!

എന്ത് സുഖമാണ് ഈ യാത്രയ്ക്ക്....! നീയെന്തേ മുന്‍പേ പോയപ്പോള്‍ എന്നെയും കൂട്ടിയില്ല....? ഇങ്ങനെ ഈ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ കൈകള്‍ കോര്‍ത്ത് ‌ പറന്നു നടക്കാന്‍ എന്ത് രസം...! മനമിടറാതെ കാലങ്ങളിനിയും ഇവനോടൊപ്പം കഴിയാം......! ഇനി എന്നിലെ മിഴിനീരൊഴുക്കാതെ നിന്നോടൊപ്പം സുഖമായുറങ്ങാം....!

അപ്പോഴും ആഞ്ഞു വീശിയ കാറ്റില്‍ തെറിച്ചു വീണ മഴത്തുള്ളികള്‍ ആ കണ്ണടയില്‍ ഒരു മൂടല്‍ മഞ്ഞുപോലെ പടരുന്നുണ്ടായിരുന്നു...!, മഴയുടെ കുളിരും, പുതുമണ്ണിന്‍റെ സുഗന്ധവും അറിയാതെ മീര അവള്‍ ഒരു യാത്രയിലായിരുന്നു....., മഞ്ഞലകളിലൂടെ ഒഴുകി...ഒഴുകി........

------------------------- ----------------------------

അജയ്മാധവ്- ശൂരനാട്
29/05/2014
Fujairah , U.A.E

No comments:

Post a Comment