Tuesday, May 27, 2014

“പിന്‍വിളി......!”

“പിന്‍വിളി......!”


       സന്ധ്യയുടെ നെറുകയില്‍ ചാഞ്ഞുതുടങ്ങിയ ഇരുട്ടിനെ വകവയ്ക്കാതെ ഇളകികിടന്ന മണല്‍ത്തിട്ടയില്‍ ഇരുന്നുകൊണ്ട് ഉള്ളംകയ്യില്‍ മണ്‍തരികള്‍ വാരിയെടുത്ത് കൈക്കുമ്പിളില്‍ മുറുകെ പിടിക്കുകയും അതിനെ സ്വതന്ത്രമാക്കുകയും ചെയ്തുകൊണ്ടിരുന്നു അവന്‍. അപ്പോള്‍ അവന്‍റെ മനസ്സിലെ ചിന്തകളും, മുഖത്തെ പേശികളും മുറുകുകയും അയയുകയും ചെയ്തുകൊണ്ടിരുന്നു.

      കടല്‍ക്കരയില്‍ സ്ഥാപിച്ചിരുന്ന വിളക്കില്‍ നിന്ന് പരക്കുന്ന മങ്ങിയ വെളിച്ചത്തില്‍ ദൂരെ ഒരു കൊച്ചു പെണ്‍കുട്ടി തിരകളോട് കൊഞ്ചുന്നത് കാണാം....! ഇരമ്പിവരുന്ന തിരകളോട് തന്നെ പിന്തുടരുവാന്‍ കൈകള്‍ കാണിച്ച് കുണുങ്ങിചിരിച്ച് തിരിഞ്ഞോടുന്നതും, തിരകള്‍ കരയൊഴിഞ്ഞ് പിന്‍വാങ്ങുമ്പോള്‍ ആഹ്ലാദത്തോടെ അതിനെ പിന്തുടരുന്നതും, അവളെതന്നെ നോക്കിയിരിക്കുന്ന അവളുടെ മാതാപിതാക്കളെയും അവന്‍ അവിടെ കണ്ടു....! അവരുടെ സന്തോഷം മുഴുവന്‍ ആ കൊച്ചുമുടുക്കിയുടെ വികൃതികളില്‍ ആണ്....!

     കടല്‍ക്കരയോട് ചേര്‍ന്ന് പണികഴിപ്പിച്ചിരുന്ന സിമന്റുബഞ്ചില്‍ തന്‍റെ പ്രണയിനിയുടെ മടിയില്‍ തലചായ്ച്ച് പരസ്പരം പരിസരബോധമില്ലാതെ കിന്നരിക്കുന്ന കമിതാക്കളെയും അവന്‍ അവിടെ കണ്ടു....!

    ഒരു തടികമ്പിന് ചുറ്റും വര്‍ണ്ണകടലാസുകളില്‍ നിര്‍മ്മിച്ച പമ്പരങ്ങള്‍ വിറ്റ് അന്നത്തെ അന്നത്തിനു വഴിതേടുന്ന ഒരു കൊച്ചു ബാലന്‍. അവന്‍റെ മുഷിഞ്ഞവേഷവും, രൂപവും  പലരിലും അറപ്പുളവാക്കുന്നു എന്ന് അവനെ ആട്ടിയോടിക്കുന്ന അവരുടെ ആംഗ്യഭാഷയിലൂടെ വ്യക്തമാകും.....! ജീവിക്കാനുള്ള സ്വാതന്ത്ര്യം ആ ചെറു ബാലന് നിക്ഷേധിക്കപ്പെട്ടിരിക്കുന്നു...!

    തിരകള്‍ ആഞ്ഞടിക്കുന്ന കടലിറമ്പിലൂടെ കഴുത്തില്‍ ചുറ്റിക്കെട്ടിയ ഒരു നിറംമങ്ങിയ തോര്‍ത്തുമുണ്ടും, കയ്യില്‍ നീളമുള്ള ഒരു സേര്‍ച്ച്‌ ലൈറ്റും പാകമാകാത്ത കാക്കിവേഷവും ധരിച്ച് ഒരു പാറാവുകാരന്‍ കടല്‍ക്കരയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് കടലെടുക്കുന്ന ജീവനുകളെ രക്ഷപെടുത്താന്‍ നിയമിക്കപ്പെട്ട ‘ജീവന്‍റെ കാവല്‍ക്കാരന്‍”...!

    അപ്പോഴേയ്ക്കും ഇരുട്ടിന്‍റെ കനം കൂടിക്കൂടി വന്നു, ദൂരെ തിരയില്‍ പൊങ്ങിയും താഴ്ന്നും നീങ്ങുന്ന ഇത്തിരിവെട്ടങ്ങള്‍...! മീന്‍പിടുത്തക്കാരുടെ വള്ളങ്ങള്‍ ആകാമത് അല്ലെങ്കില്‍ അവരുടെ ബോട്ടുകള്‍.....! ആളുകള്‍ കടല്‍ക്കരയില്‍ നിന്നും ഒഴിഞ്ഞുതുടങ്ങിയിരിക്കുന്നു, ഇപ്പോള്‍ ആ കടല്‍ക്കരയില്‍ താനും, ആ പാറാവുകാരനും തെണ്ടിനടക്കുന്ന ചില ചാവാലി നായ്ക്കളും മാത്രം....! വഴിവിളക്കിന്‍റെ വെളിച്ചം ഇപ്പോള്‍ കൂടുതല്‍ മങ്ങിയോ....? അതോ തനിക്കു തോന്നുന്നതാകുമോ....?

‘നിങ്ങള്‍ പോകുന്നില്ലേ....?’

ചോദ്യം കേട്ട് അവന്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു.....! ‘ആ പാറാവുകാരന്‍ ആണ്...!’

“പോകണം......സമയമായില്ല....!” നല്ല കാറ്റുണ്ട്..., ഇപ്പോള്‍ ഇങ്ങനെ ഒറ്റയ്ക്കിരിക്കാന്‍ നല്ല സുഖം....! അവന്‍ അയാളുടെ ചോദ്യത്തിന് മറുപടി കൊടുത്തു.

മറുപടി ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം അയാള്‍ ഒന്ന് ഇരുത്തിമൂളിയിട്ടു മണല്‍ത്തരികളെ ചവുട്ടിമെതിച്ചു കടന്നുപോയി....!

അപ്പോള്‍ അവന്‍ ചിന്തിച്ചു.... “ഇപ്പോള്‍ താനും ഈ മണല്‍ത്തരികളും ഇരമ്പിയെത്തി പതഞ്ഞുപൊന്തി കരകളെ പുണരുന്ന ഈ തിരകളും മാത്രം....! ദൂരെ പതഞ്ഞുപൊന്തുന്ന തിരകളില്‍ മങ്ങിയവെളിച്ചത്തിന്‍റെ ചെറുതിളക്കം കാണാം...! കാതുകളില്‍ മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കാനില്ല, തിരകളുടെ അട്ടഹാസവും കടലിന്‍റെ ഇരമ്പലും മാത്രം...!”

കൈകളില്‍ മുറുകെ പിടിച്ചിരുന്ന മണ്‍ തരികളെ സ്വതന്ത്രമാക്കി അവന്‍ പതുക്കെ എഴുന്നേറ്റു. കാലില്‍ കിടന്ന തോല്‍ചെരുപ്പ് അവിടെ തന്നെ അഴിച്ചുവെച്ചിട്ട് തന്‍റെ കാല്‍ക്കീഴിലെ മണ്‍തരികളെ നോവിക്കാതെ അയാള്‍ മുന്‍പോട്ടു പതുക്കെ നടന്നു....!

കുറെ മുന്‍പോട്ടു നടന്നപ്പോള്‍ അയാള്‍ ഒന്ന് നിന്ന് ചുറ്റിലും ഒന്ന് നോക്കി. കാലുകള്‍ക്ക് നനവ്‌ പടരുന്നത്‌ അവന്‍ അറിയുന്നുണ്ടായിരുന്നു. കാല്‍ക്കീഴില്‍ നിന്നും എന്തോ ചോര്‍ന്നുപോകുന്നതുപോലെ...!

അവന്‍ താഴേയ്ക്ക് നോക്കി, അതെ തന്‍റെ കാലുകള്‍ നനഞ്ഞ പൂഴിയിലേക്ക് ആണ്ടു പോകുന്നു....! കാലുകള്‍ നല്ല ബലമായിതന്നെ മുകളിലേക്ക് വലിച്ചു...! അപ്പോള്‍ മറ്റേക്കാലും താഴുന്നു....! അവന്‍ മുന്നിലേക്ക് നോക്കി ദൂരെ പൊങ്ങിമറിഞ്ഞ് ആര്‍ത്തിയോടെ തന്‍റെ നേര്‍ക്കടുക്കുന്ന വന്‍തിരയെ അവന്‍ കണ്ടു.....!

‘മോനേ....!’

‘അവന്‍ ഒരു പിന്‍വിളികേട്ടപോലെ തിരിഞ്ഞു നോക്കി...!’

“അമ്മയല്ലേ തന്നെ വിളിച്ചത്....., അതോ തന്‍റെ തോന്നലാകുമോ....?”

അവന്‍ വീണ്ടും മുന്‍പോട്ടു നടക്കാന്‍ ശ്രമിച്ചു...!

“മോനേ....കൃഷ്ണാ.....”

“അതേ....തന്‍റെ അമ്മയാണ്...അമ്മയെന്തേ ഇവിടെ....ഈ നേരത്ത്...? താന്‍ ഇവിടെയുണ്ടെന്നു ആരു പറഞ്ഞു കാണും....? എല്ലാം തന്‍റെ തോന്നലുകളാകും...!

വീണ്ടും അവന്‍ തിരിഞ്ഞപ്പോഴേയ്ക്കും അവനെയും കടപുഴക്കി ആ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു....!

തലയ്ക്കുമുകളിലൂടെ പാഞ്ഞുപോകുന്ന ഒരു പ്രളയത്തെ അവന്‍ ഒരു നിമിഷം കണ്ടു...! പിന്നെ പതുക്കെ അവന്‍റെ കാഴ്ചകളെ മറച്ച് മണ്തരികളെത്തി....!

**********************                  *****************************

മങ്ങിയ ഓര്‍മ്മകള്‍ പതുക്കെ മാഞ്ഞ് കാഴ്ചകള്‍ക്കും ഓര്‍മ്മകള്‍ക്കും  വ്യക്തതയായപോള്‍ തന്‍റെ മുടിയിഴകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന വിറയാര്‍ന്ന കൈകളുടെ തുടിപ്പ് അവന്‍ തിരിച്ചറിയുകയായിരുന്നു....!

“അമ്മ...! അമ്മേ......ഞാന്‍....അവന്‍റെ വാക്കുകള്‍ മുറിഞ്ഞു....!”

അവന്‍റെ മുഖത്തേയ്ക്ക് ഇറ്റിറ്റ് വീണ ആ കണ്ണീര്‍ചൂടില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ സ്നേഹവും, വേദനയും ഉണ്ടെന്നു അവനു തോന്നി....! അവന്‍ പതുക്കെ ആ ചുക്കിച്ചുളിഞ്ഞ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു......, ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെ....!!!


അപ്പോഴും ആ കടല്‍ക്കരയില്‍ ആ പാറാവുകാരന്‍ തന്‍റെ പതിവ് ജോലി തുടര്‍ന്ന് കൊണ്ടേയിരുന്നു....., കടലെടുക്കുന്ന ജീവനുകളെ കരയിലെത്തിക്കാനുള്ള പാടുപെടല്‍.....! “ജീവന്‍റെ കാവലാള്‍...!”


---------------------------------------------------------------------------------------------------------------------------------------------------

അജയ്മാധവ്-ശൂരനാട്.

No comments:

Post a Comment